നിദ അൻജും ചേലാട്ടിന് ചരിത്ര നേട്ടം; എഫ്ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായി
നിദ അൻജും ചേലാട്ടിന് ചരിത്ര നേട്ടം; എഫ്ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റായി

പാരീസ്: എഫ് ഇ ഐ എൻഡ്യൂറൻസ് ലോക ചാംപ്യൻഷിപ്പ് ദീർഘദൂര കുതിരയോട്ട മത്സരത്തിലെ  സീനിയർ വിഭാഗം മത്സരം പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മലയാളിയായ നിദ അൻജും ചേലാട്ട്. 17-ാം സ്ഥാനത്താണ് ഫ്രാൻസിൽ നടന്ന മത്സരത്തിൽ നിദ ഫിനിഷ് ചെയ്‌തത്‌. ഈ വിഭാഗത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഇരുപത്തിരണ്ട്കാരിയായ നിദ.




പത്തുമണിക്കൂർ 23 മിനുട്ട് സമയം കൊണ്ടാണ് നിദ 160 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയത്. പെട്ര ഡെൽ റേയെന്ന പെൺകുതിരപ്പുറത്താണ് നിദ തന്റെ മത്സരം കാഴ്ച വെച്ചത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതോളം  രാജ്യങ്ങളിൽ നിന്നായി 118 കുതിരയോട്ടക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്. ജലശയങ്ങളും പാറയിടുക്കുകളും കാടും താണ്ടുന്ന ആറ് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ കുതിര മുന്നേറിയാൽ മാത്രമേ ഓരോ ഘട്ടങ്ങളും പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. ഓരോ ഘട്ടത്തിലും കുതിരയെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്യും.




ആദ്യ ഘട്ടത്തിൽ 61-ാം സ്ഥാനത്തായിരുന്ന നിദ രണ്ടാം ഘട്ടത്തിൽ 56-ാം സ്ഥാനത്തേക്കും മൂന്നാം ഘട്ടത്തിൽ 41-ാം സ്ഥാനത്തേക്കും നാലാം ഘട്ടത്തിൽ 36-ാം സ്ഥാനത്തേക്കും അഞ്ചാംഘട്ടത്തിൽ 27-ാം സ്ഥാനത്തേക്കും അവസാന ഘട്ടത്തിൽ 17-ാം സ്ഥാനത്തേക്കും കുത്തിക്കുകയായിരുന്നു. 


വ്യക്തിഗത മത്സരത്തിൽ ബഹറൈൻ സ്വർണവും യു എ ഇ വെള്ളിയും നേടി. ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസും ചൈനയുമാണ് വിജയികളായത്. ഒന്നിലധികം തവണ 160 കിലോമീറ്റർ കുതിരയോട്ടം പൂർത്തിയാക്കി ത്രീസ്റ്റാർ റൈഡർ പദവി നേടിയ ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് കൽപകഞ്ചേരിയിൽ നിന്നുള്ള നിദ.


പ്ലസ് ടു പഠനകാലത്ത് അബൂദാബി എൻഡ്യൂറൻസ് ചാംപ്യൻഷിപ്പിൽ ഗോൾഡ് സ്വാർഡ് പുരസ്ക്കാരം നേടിയ നിദ അലി അൽ മുഹൈരിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോൾ സ്പെയിനിൽ മാനേജ്മെന്റിലും ഇന്റർനാഷണൽ ഡെവലപ്മെന്റിലും മാസ്റ്റേഴ്സ് വിദ്യാർഥിനിയായണ്. യു കെയിലെ യൂണിവേഴ്സിറ്റി ഓഫ് ബിർമിംഗ്ഹാമിൽ നിന്നും സാമൂഹിക പ്രവർത്തനത്തിൽ ബിരുദവും ദുബായിലെ റാഫിൾസ് വേൾഡ് അക്കാദമിയിൽ നിന്ന് ഐ ബി ഡിപ്ലോമയും നേടിയിട്ടുണ്ട്.


യു എ ഇയിലെ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട‌ർ ഡോ. അൻവർ അമീൻ ചേലാട്ടിന്റേയും മിന്നത്ത് അൻവർ അമീന്റേയും മകളാണ് നിദ. ഡോ. ഫിദ അൻജും ചേലാട്ടാണ് സഹോദരി.

Related News

Quick Links

© Raheep Media Online. All Rights Reserved.