ദോഹ: ഖത്തറിൽ ഇന്ന് മുതൽ പൂക്കാലത്തിന്റെ നാളുകൾ. അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റും മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ സംഘടിപ്പിക്കുന്ന "ഫ്ലവേഴ്‌സ് എക്‌സിബിഷൻ" ഇന്ന് ഉദ്ഘാടനം ചെയ്യും. ഉം സലാൽ വിന്റർ ഫെസ്റ്റിവലിനുള്ളിൽ നടക്കുന്ന പൂക്കളുടെ പ്രദർശനം ഡിസംബർ 26 വരെ നീണ്ടുനിൽക്കും.
പരിസ്ഥിതി അവബോധം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പുറമെ പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനും ദേശീയ പുഷ്പങ്ങളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ട് പ്രാദേശിക പുഷ്പങ്ങളുടെയും ചെടികളുടെയും വൈവിധ്യങ്ങളാകും പ്രദർശനത്തിൽ ക്രമീകരിക്കുക.
സന്ദർശകർക്ക് പ്രാദേശിക പൂക്കളുടെ സൗന്ദര്യമാസ്വാദിക്കാനും അവയുടെ കൃഷിയും പരിചരണ രീതികളും അറിയാനും ചെടികളും പൂക്കളുമായി ബന്ധപ്പെട്ട ദേശീയ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയാണ് ഫ്‌ളവർ ഷോയെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.