ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് എവർ റോളിങ്ങ് ട്രോഫിയ്ക്കു വേണ്ടി നാലാമത് ആസ്റ്റർ ഡി എം എച്ച് ഹോസ്പിറ്റൽ പ്രസന്റ്സ് ചാലിയാർ കപ്പ് ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫ്രൈഡേ ഫിഫ മഞ്ചേരിയും, ഓർബിറ്റ് എഫ് സിയുമാണ് കലാശപ്പോരാട്ടത്തിൽ കിരീടത്തിനായി ഏറ്റുമുട്ടുക. ഹിലാൽ എഫ് സി യെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഫൈനലിൽ പ്രവേശിച്ചത്. സ്റ്റേബിൾ ഫോൺ മലബാർ എഫ്സിയെ പരാജയപ്പെടുത്തിയാണ് ഓർബിറ്റ് എഫ് സി ഫൈനലിൽ മത്സരിക്കാനിറങ്ങുന്നത്.
മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി സ്പോൺസർ ചെയ്യുന്ന 3501 ഖത്തർ റിയാൽ വിന്നേർസ് പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും റോളിങ് ട്രോഫിയുമാണ് ചാമ്പ്യന്മാർക്ക് വിതരണം ചെയ്യുക. ഗാലപ്പ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്യുന്ന 2501 ഖത്തർ റിയാൽ റണ്ണേഴ്സ് പ്രൈസ് മണിയും, റണ്ണേഴ്സ് ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഫ്രൈഡി ഫ്രൈഡ് ആൻഡ് ഗ്രിൽസ് സ്പോൺസർ ചെയ്യുന്ന 1501 ഖത്തർ റിയാൽ സെക്കന്റ് റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയുമാണ് മൂന്നാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലോവ് അവാർഡുകളും ഗ്രാൻഡ് ഫിനാലേയിൽ വിതരണം ചെയ്യുന്നതാണ്.
ഫൈനൽ ദിനത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്പോർട്സ് അക്കാദമിയിലേയും യൂണിവേഴ്സൽ സ്പോർട്സ് സെന്ററിലെയും അണ്ടർ 14 പ്ലയെർസ് തമ്മിലുള്ള സൗഹൃദ മത്സരം നടക്കും. ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, ആസ്റ്റർ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആൻഡ് ബ്രാൻഡിംഗ് സുമിത് ബദ്ര, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി മാനേജിങ് ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രണുമായ ഷൌക്കത്തലി ടി എ ജെ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ് ചാലിയം, മീഡിയ വിംഗ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.