വാഷിങ്ടൺ: റഷ്യ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കായി സഹായകമായ സാറ്റലൈറ്റ് വിവരങ്ങൾ യെമനിലെ ഹൂത്തികൾക്ക് കൈമാറിയിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'വാൾ സ്ട്രീറ്റ് ജേർണൽ' ഇക്കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയേയും രണ്ട് യൂറോപ്യൻ പ്രതിരോധ ഉദ്യോഗസ്ഥരെയും പരാമർശിക്കുന്നുണ്ട്. ഈ വിവരങ്ങൾ യെമനിലെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈനികർ വഴിയാണ് ഹൂത്തികൾക്ക് കൈമാറിയതെന്നും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കപ്പലുകൾ ആക്രമിക്കുകയെന്നതാണ് ഉദ്ദേശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂത്തികൾ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ കപ്പലുകൾക്ക് നേരെ ആദ്യം ആക്രമണം നടത്തി. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു.
റഷ്യയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടി സമാപിച്ചതിനു തൊട്ടുപിന്നാലെയാണ് വാൾ സ്ട്രീറ്റ് ജേർണൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യ സമ്പൂർണ യുദ്ധസാഹചര്യത്തിലാണെന്നു ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രസിഡന്റ് ഉർദുഗാൻ അടക്കം 20-ൽ കൂടുതൽ രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുത്തത് റഷ്യയുടെ ലോകതലത്തിലുള്ള സ്വാധീനത്തെ വ്യക്തമാക്കുന്നതായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഹൂത്തികൾ ചെങ്കടലിൽ നൂറിലധികം ആക്രമണങ്ങൾ നടത്തിയതായും ഇവയിൽ നാല് നാവികർ കൊല്ലപ്പെട്ടതായും രണ്ട് കപ്പലുകൾ മുങ്ങിയതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, കഴിഞ്ഞ നവംബറിൽ ഹൂത്തികൾ പിടിച്ചെടുത്ത ഒരു കപ്പലും അതിലെ ജീവനക്കാരും ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്.