വലെൻസിയ: പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ
വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ നിന്ന്
സ്പെയിൻ ഇപ്പോഴും കരകയറിയിട്ടില്ല. ദുരന്തത്തിൽ ഇതുവരെ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള
ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. അതേസമയം വെള്ളപ്പൊക്കത്തിൽ പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാതെ വരികയും ചെയ്തു. ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികാരികൾ വെളിപ്പെടുത്തിയിട്ടില്ല. അന്തിമ മരണസംഖ്യ ഇതിലും വലുതായിരിക്കുമെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി.