വാഷിംഗ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് നടക്കാന്‍
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈസ്
പ്രസിഡന്‌റും ഡെമോക്രാറ്റിക് പാര്‍ട്ടി
നേതാവുമായ കമല ഹാരിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. കഴിഞ്ഞ ദിവസം
അമ്മയോടൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ
ചിത്രം കമല ഹാരിസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താന്‍ ഇന്ന് കാണുന്ന
കമലയായതിന് പിന്നില്‍ അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമെന്നായിരുന്നു ഫോട്ടോ
പങ്കുവെച്ച് കൊണ്ട് കമല എക്‌സില്‍ കുറിച്ചത്.
'എന്റെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ഹാരിസ് പത്തൊമ്പതാം വയസിലാണ് തനിയെ അമേരിക്കയിലെത്തുന്നത്. അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമാണ് ഇന്നത്തെ എന്നെ വാര്‍ത്തെടുത്തത്', കമല ഹാരിസ് എക്‌സില്‍ കുറിച്ചു.
അതേസമയം എക്‌സിലെ പോസ്റ്റ് കൂടി പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് കമലയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇന്ത്യന്‍ വേരുകള്‍ ഓർമ്മ വന്നോ എന്നായിരുന്നു എക്‌സില്‍ ചില ഉപഭോക്താക്കളുടെ ചോദ്യം. വ്യാജ ഇന്ത്യനും വ്യാജ ഹിന്ദുവും എന്നാണ് മറ്റു ചിലര്‍ കമലയെ വിമര്‍ശിച്ചത്. നുണ പറയുന്നതില്‍ മാത്രമാണ് കമല മികച്ചതെന്നും ചിലർ ആരോപിച്ചു. വോട്ടുകള്‍ നേടാന്‍ ഇന്ത്യന്‍ വംശജയെന്ന വാദം ഉപയോഗിക്കരുതെന്നും വിമര്‍ശനമുണ്ട്.
എന്നാൽ അമേരിക്കയെ രക്ഷിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് മുന്‍ പ്രസിഡന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്‌റെ വാദം.