പശ്ചിമേഷ്യ ഭീതിയിൽ; ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
പശ്ചിമേഷ്യ ഭീതിയിൽ; ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ടെഹ്‌റാൻ:  ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാഖിൽ നിന്ന് ആക്രമണം നടത്താനാണ് ഇറാൻ  ലക്ഷ്യമിടുന്നതെന്നാണ്  അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് ലക്ഷ്യം. ഇസ്രയേലിൻ്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ.  ഇതിനായി ദീർഘദൂര ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാൻ സജ്ജമാക്കുന്നുവെന്ന്  അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇറാന് നേർക്കുള്ള ഇസ്രയേലിൻ്റെ തിരിച്ചടി ചെറുക്കാനാണ് ഇറാഖിനെ മറയാക്കുന്നതെന്നാണ് സൂചന.

ഇതിനിടയിൽ, ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വടക്കൻ ഗാസയിലെ കമൽ അദ്വാൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണമുണ്ടായി. ആശുപത്രികെട്ടിടം പൂർണമായും തകർന്നതോടെ മരുന്നുകളും മറ്റുമില്ലാതെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.

എന്നാൽ തങ്ങൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ചാൽ ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന ആഹ്വാനവുമായി ഹിസ്ബുള്ളയുടെ പുതിയ തലവൻ നയിം ഖാസിം. ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് നയിം ഖാസിമിന്റെ ഈ സുപ്രധാന നീക്കം.

Related News

Quick Links

© Rehaab Media Online. All Rights Reserved.