ഗാസയിലെ ഒരു ദശലക്ഷം കുട്ടികൾ "ഭൂമിയിലെ നരകത്തിൽ" ജീവിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന. വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, ദിവസേന ശരാശരി 40 കുട്ടികൾ ഗാസയിൽ കൊല്ലപ്പെടുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ബാലാവകാശ ഏജൻസിയായ യുണിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ 7 മുതലുള്ള അക്രമണങ്ങളിൽ ഗാസയിൽ 14,100 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി എൽഡർ പറഞ്ഞു. കുട്ടികൾ ദിവസേന ദുരന്തങ്ങൾക്ക് ഇരയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളുകൾ, ആശുപത്രികൾ, അഭയകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലും കുട്ടികളും കുടുംബങ്ങളും അപകടത്തിൽപ്പെടുന്നതിനാൽ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഉപരോധിക്കപ്പെട്ട ആശുപത്രിയിൽ കുടുങ്ങിയതു കാരണം മതിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ കാൽ മുറിച്ചുമാറ്റപ്പെട്ട ഖമർ എന്ന ഏഴുവയസ്സുകാരിയുടെ ഹൃദയഭേദകമായ കഥയും അദ്ദേഹം പങ്കുവെച്ചു.