ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ
സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലയുടെ തട്ടകമായ മോനുമെന്‍റല്‍ സ്റ്റേഡിയത്തിൽ 1-1 എന്ന സ്‌കോറിനാണ് വെനസ്വേല അര്‍ജന്‍റീനയെ പൂട്ടിയത്. മഴയെത്തുടര്‍ന്ന്
ഗ്രൗണ്ട് നനഞ്ഞതോടെ നിശ്ചയിച്ചതില്‍ നിന്നും അരമണിക്കൂര്‍ വൈകിയാണ് മത്സരം
ആരംഭിച്ചത്. എന്നാൽ ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നത് കളിയുടെ ഒഴുക്കിനെ
സാരമായി തന്നെ ബാധിച്ചു.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ക്യാപ്റ്റൻ മെസ്സി പരിക്ക് മാറി തിരിച്ചെത്തി ജയിച്ചു കയറാനാവാഞ്ഞത് അര്‍ജന്‍റീനക്ക് നിരാശയായി. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന് പകരം വല കാത്ത ഗെറോണിമോ റുല്ലി മികച്ച പ്രകടനം പുറത്തെടുത്തു.
അതേസമയം സമനില വഴങ്ങിയെങ്കിലും 10 ടീമുകള്‍ പരസ്‌പരം മത്സരിക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാമത് തന്നെ അര്‍ജന്‍റീനയുണ്ട്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 19 പോയിന്‍റാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നുതന്നെ 11 പോയിന്‍റുമായി ഏഴാമതാണ് വെനസ്വേല.