മലപ്പുറം: മുന്‍ ഇന്ത്യന്‍ പ്രതിരോധ താരം
അനസ് എടത്തൊടിക പ്രൊഫഷണൽ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. സൂപ്പര്‍ ലീഗ് കേരളയിലെ
ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്നലെ മലപ്പുറം എഫ്.സിക്ക് വേണ്ടി ബൂട്ട്
കെട്ടിയ ശേഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ്
വിരമിക്കൽ പ്രഖ്യാപനം. 37കാരനായ താരം മലപ്പുറം
കൊണ്ടോട്ടി സ്വദേശിയാണ്. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയെ നയിച്ചത് അനസ്
എടത്തൊടികയായിരുന്നു.
2019 ജനുവരി 15ന് അനസ് ബഹ്‌റൈനെതിരെ ഷാര്‍ജയില്‍ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. 2017 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം രാജ്യത്തിനായി 21 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കംബോഡിയ, മ്യാന്മര്‍, നേപ്പാള്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ കളിച്ച നാലു മത്സരങ്ങളും വിജയിക്കാനായി.
2021-22 ഐഎസ്‌എല്ലിൽ ജംഷഡ്‌പൂർ എഫ്‌സിക്ക് വേണ്ടി ഫുട്ബോൾ കളിച്ച 36 കാരനായ അനസ്, 2 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിലൂടെ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെയെത്തിയത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിൻ്റെ പ്രധാന സെൻ്റർ ബാക്കും ആയിരുന്നു.