സിഡ്‌നി: ബെംഗളൂരു സ്വദേശിനിയായ ടെക്കി പ്രഭ
അരുണ്‍കുമാറിന്റെ കൊലപാതകത്തില്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് ഓസ്‌ട്രേലിയൻ പോലീസ് പ്രഖ്യാപിച്ചു. 2015 മാർച്ച് 7-നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന
വഴിയിൽ സിഡ്‌നിയിലെ രമത്ത് പാർക്കിൽ വെച്ച് പ്രഭ കുത്തേറ്റു മരിച്ചത്.
സംഭവം നടന്ന് പത്ത് വർഷം കഴിഞ്ഞിട്ടും, ഓസ്‌ട്രേലിയൻ പൊലീസിന് ഈ കേസിൽ ഒരു ശക്തമായ തെളിവും ലഭിച്ചിട്ടില്ല. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവെങ്കിലും കൊലയാളിയുടെ വ്യക്തമായ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. അന്വേഷണം തടസപ്പെട്ട ഈ സാഹചര്യത്തിലാണ് പോലീസ് വൻതുക പാരിതോഷികമായി പ്രഖ്യാപിച്ചത്. വിവരങ്ങൾ നൽകുന്നവർ ഇന്ത്യയിൽ നിന്നുള്ളവർ ആയാലും പാരിതോഷികം ലഭിക്കുമെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രഭ ഓസ്‌ട്രേലിയയിലെത്തിയത് ജോലി സംബന്ധമായ കാരണത്താലാണ്. ഇന്ത്യൻ ഐ.ടി. കമ്പനിയായ മൈൻഡ് ട്രീ ലിമിറ്റഡിൽ ആണ് പ്രഭ ജോലി ചെയ്‌തിരുന്നത്. ഭർത്താവ് അരുൺകുമാറുമായി ഫോണിൽ സംസാരിക്കുന്നതിനിടെ തന്നെ ആരോ പിന്തുടരുന്നുവെന്ന് പ്രഭ പറഞ്ഞു, പിന്നീട് കുത്തേറ്റാണ് അവർ മരിച്ചതെന്ന് ഭർത്താവ് അരുൺകുമാർ പോലീസിനോട് മൊഴി നൽകിയിരുന്നു.
പ്രഭയുടെ ഭർത്താവിനെയും മറ്റു ബന്ധുക്കളെയും കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഓസ്‌ട്രേലിയൻ പോലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2017-ൽ ഓസ്‌ട്രേലിയൻ പോലീസ് സംഘം കര്‍ണാടകയിലെത്തിയിരുന്നു.