ജബൽപൂർ: ഭോപ്പാലിൽ നിന്ന് ജബൽപൂരിലേക്ക് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ എ.സി കോച്ചിൽ പാമ്പിനെ കണ്ട സംഭവം പരിഭ്രാന്തി പരത്തി. ട്രെയിൻ നർസിങ്പുരിന് സമീപം എത്തിയപ്പോൾ എ.സി കോച്ചിലെ യാത്രക്കാർ ബാഗുകൾ സൂക്ഷിച്ചിരുന്ന റാക്കിന് താഴെ തൂങ്ങിക്കിടക്കുന്ന എന്തോ ശ്രദ്ധയിൽപെട്ടു. പരിശോധിച്ചപ്പോൾ പാമ്പാണെന്ന് മനസ്സിലായത്.
പാമ്പിനെ കണ്ടതോടെ യാത്രക്കാർ പേടിച്ചും പരിഭ്രാന്തരായും സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടാൻ തുടങ്ങി. ട്രെയിനിനുള്ളിൽ നിന്ന് ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തെ തുടർന്ന് ട്രെയിൻ അല്പനേരം നിർത്തിയ ശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി യാത്ര തുടരുകയായിരുന്നു.
ഇത് രണ്ടാം സംഭവമാണ്. രണ്ട് ദിവസം മുമ്പ് ജബൽപൂരിൽ നിന്ന് അംബികാപൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ, ഗരീബ് രഥ് എസി കോച്ചിൽ അഞ്ചടിയോളം നീളമുള്ള പാമ്പിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു.
മധ്യപ്രദേശിലെ ട്രെയിനുകളിൽ അടുത്തിടെ പാമ്പിനെ കാണുന്നത് പതിവായി മാറികൊണ്ടിരിക്കുകയാണ്. ട്രെയിനുകൾ നിർത്തിയിടുന്ന യാർഡിന് ചുറ്റുമുള്ള കുറ്റിക്കാടുകളാണ് പാമ്പുകൾ കയറാൻ ഇടവരുത്തുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.