ദിവസവും മുട്ട കഴിക്കുന്നത് സ്ത്രീകളുടെ മസ്തിഷ്‌കാരോഗ്യത്തിനും ഓർമ്മ ശക്തിക്കും ഗുണം ചെയ്യും: പഠനം
ദിവസവും മുട്ട കഴിക്കുന്നത് സ്ത്രീകളുടെ മസ്തിഷ്‌കാരോഗ്യത്തിനും ഓർമ്മ ശക്തിക്കും ഗുണം ചെയ്യും: പഠനം

പതിവായി മുട്ട കഴിക്കുന്നത് സ്ത്രീകളിൽ ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ന്യൂട്രിയന്റ്‌സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻഡിയാഗോയിലെ ഗവേഷകരാണ് നടത്തിയത്. 


55 വയസിന് മുകളിൽ പ്രായമുള്ള 890 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ 533 പേരും സ്ത്രീകളായിരുന്നു. ഇതിൽ, ദിവസവും കൂടുതൽ മുട്ട കഴിച്ച സ്ത്രീകൾ 4 വർഷത്തിനിടയിൽ വാക്പ്രാവീണ്യത്തിൽ (വേർബൽ ഫ്ലൂവെൻസി) മെച്ചപ്പെട്ടതായി കണ്ടെത്തി.


മുട്ടയിൽ അടങ്ങിയിട്ടുള്ള കൊളൈൻ എന്ന പോഷകമാണ് മസ്തിഷ്‌കാരോഗ്യത്തിനും ഓർമ്മ ശക്തിക്കും പ്രധാനമായും സഹായിക്കുന്നത്. കൂടാതെ, മുട്ടയിലുള്ള B-6, B-12, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും മസ്തിഷ്‌കം ചുരുങ്ങുന്നത് തടയുകയും വൈജ്ഞാനിക തകർച്ചയെ വൈകിപ്പിക്കുകയും ചെയ്യുന്നു. 


അതേസമയം, പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ കാര്യമായ മസ്തിഷ്‌കാരോഗ്യ ഫലങ്ങൾ കണ്ടെത്താനായില്ലെങ്കിലും, മുട്ട കഴിച്ചതിനാൽ ശാരീരിക ഹാനി സംഭവിക്കുന്നില്ലെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.


മസ്തിഷ്‌കാരോഗ്യം മെച്ചപ്പെടുത്തുക എന്നതിന് പുറമെ, മുട്ട ശരീരത്തിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ഫോസ്ഫറസ്, സെലെനിയം എന്നിവയുടെ മികച്ച സ്രോതസ്സ് കൂടിയാണ്. ഇത് ബലമുള്ള എല്ലുകൾ പ്രധാനം ചെയ്യുകയും, രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മുട്ടയിലുളള പ്രോട്ടീൻ സ്ത്രീകളിൽ ഓസ്റ്റിയോപോറോസിസ് പോലുള്ള അസ്ഥിരോഗങ്ങൾ തടയാൻ സഹായിക്കുന്നുണ്ടെന്ന് മുൻ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.


"ദിവസേന മുട്ട കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് മികച്ചതും സാമ്പത്തികമായി പ്രാപ്യവുമായ മാർഗമാണ്," എന്ന് ലീഡ് ഗവേഷക ഡോണ ക്രിട്സ്-സിൽവറ്സ്റ്റീൻ ചൂണ്ടിക്കാട്ടി. ആയുർദൈർഘ്യം വർദ്ധിക്കുന്നതിനനുസരിച്ച് വൈജ്ഞാനിക തകർച്ചയെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മുട്ടയുടെ ഫലങ്ങൾ വിളിച്ചോതുന്ന ഈ പഠനം തീർത്തും പ്രസക്തമേറിയതാണെന്ന് തന്നെ പറയാം.

Related News

Quick Links

© Rehaab Media Online. All Rights Reserved.