ചാണകമെറിഞ്ഞ് ദീപാവലി ആഘോഷമാക്കുന്ന ഒരു ഗ്രാമം തമിഴ്നാട്ടിലുണ്ട്. ദീപാവലി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഗ്രാമവാസികൾ ഒത്തുകൂടുകയും, തുടർന്ന് ചാണകം വാരി എറിയുകയും ചെയ്യുന്നു എന്നതാണ് ഈ അപൂർവ്വ ചടങ്ങിന്റെ പ്രത്യേകത. തമിഴ്‌നാട് - കർണാടക അതിർത്തി ഗ്രാമമായ ഗുമാതാപുരത്താണ് കൗതുകമായി മാറിയ ചാണകമെറിയൽ ആഘോഷം സംഘടിപ്പിക്കുന്നത്.
ഗ്രാമീണരുടെ ദൈവമായ ബീരേഷ്വര സ്വാമി പശുവിൻ്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ചാണകമെറിയൽ ആഘോഷം സംഘടിപ്പിക്കുന്നത്. ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവൻ ബീരേശ്വര സ്വാമി ക്ഷേത്രത്തിനരികിൽ കുന്നുകൂട്ടിയിടും. ഇതിനു ശേഷമാണ് ആഘോഷം നടക്കുന്നത്.
പൂജ നടത്തി കുളിച്ച ശേഷം പരസ്പരം ചാണകമെറിയും. ചാണകം എറിയുന്ന ചടങ്ങ് പൂർത്തിയാകുമ്പോൾ, ചാണകം ഗ്രാമവാസികൾക്കിടയിൽ വിതരണം ചെയ്യുന്നു. അവർ അത് അവരുടെ കൃഷിക്ക് പോഷണത്തിനായി ഉപയോഗിക്കുകയും ഇത് വർഷത്തിലെ വിളവ് സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
ഏകദേശം 300 വർഷം പഴക്കമുള്ള ഒരു ആഘോഷമാണിത്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇത്തരമൊരു വ്യത്യസ്തമായ ദീപാവലി ആഘോഷത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.