ശ്വാസതടസം,14-കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ബാറ്ററികൾ, ചെയ്നുകൾ തുടങ്ങി 65 ഓളം സാധനങ്ങൾ
ശ്വാസതടസം,14-കാരന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് ബാറ്ററികൾ, ചെയ്നുകൾ തുടങ്ങി 65 ഓളം സാധനങ്ങൾ

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്കിടെ പതിനാലുകാരൻ്റെ വയറ്റിൽ നിന്ന് ബാറ്ററികൾ, ചെയ്നുകൾ, ബ്ലേഡ്, സ്ക്രൂ തുടങ്ങി 65 ഓളം സാധനങ്ങൾ കണ്ടെടുത്തു. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ യുപിയിലെ ഹത്രാസ് സ്വദേശിയായ ആദിത്യ ശർമ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് 65 ഓളം സാധനങ്ങൾ കണ്ടെടുത്തത്. ഈ സാധനങ്ങൾ കുട്ടി മുൻപ് വിഴുങ്ങിയതാകാനാണ് സാധ്യതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.  കുടലിലുണ്ടായ അണുബാധമൂലമാണ് കുട്ടി മരിച്ചത്.

അതേസമയം ശ്വാസതടസ്സവും അസ്വസ്ഥതയുമുണ്ടായതോടെയാണ് ആഗ്രയിലെ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചതെന്ന് പിതാവ് സഞ്ചേത് ശർമ പറഞ്ഞു. 'ഉടൻ തന്നെ ജയ്പൂരിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ടെസ്റ്റുകൾക്ക് ശേഷം ഒക്‌ടോബർ 19-ന് യുപിയിലേക്ക് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം, ആദിത്യയുടെ ശ്വാസതടസ്സം വീണ്ടും കൂടി. കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അലിഗഡിൽ നടത്തിയ സിടി സ്കാനിൽ മൂക്കിലുണ്ടായ തടസ്സം കണ്ടെത്തുകയും ഡോക്ടർമാർ വിജയകരമായി ആ തടസം നീക്കം ചെയ്യുകയും ചെയ്തു.  ഇതിന് പിന്നാലെ ആദിത്യയ്ക്ക് വയറുവേദന തുടങ്ങി. ഒക്ടോബർ 26-ന് അലിഗഡിൽ അൾട്രാസൗണ്ട് പരിശോധന നടത്തി. ഇതിലാണ് 19 വസ്തുക്കൾ വയറിനുള്ളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു.

നോയിഡയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ 42 വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. അതിന് ശേഷം അടിയന്തര വൈദ്യസഹായത്തിനായി ആദിത്യനെ ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ നടത്തിയ സ്കാനിംഗിൽ ആകെ 65 വസ്തുക്കൾ കണ്ടെത്തി. ഇതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 280 ആയി ഉയർന്നു', കുടുംബം പറഞ്ഞു.

ഒക്‌ടോബർ 27-ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ ശസ്‌ത്രക്രിയയിൽ കുട്ടിയുടെ വയറ്റിൽ നിന്ന് സാധനങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തുവെന്നും പിതാവ് പറഞ്ഞു. എന്നാൽ പിന്നീട് ആദിത്യയ്ക്ക് വീണ്ടും വയറുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ മൂന്ന് വസ്തുക്കൾ കൂടി നീക്കം ചെയ്തു. അടുത്ത ദിവസം തൻ്റെ മകൻ മരിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുടലിൽ അണുബാധ ഉണ്ടായതായി വ്യക്തമായെന്നും സഞ്ചേത് ശർമ പറഞ്ഞു.

Related News

Quick Links

© Rehaab Media Online. All Rights Reserved.