സിറിയൻ പ്രസിഡന്റിന്റെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം; അപകടത്തിൽ മരണപ്പെട്ടോ
സിറിയൻ പ്രസിഡന്റിന്റെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷം; അപകടത്തിൽ മരണപ്പെട്ടോ

സിറിയയിൽ വിമതർ ദമാസ്കസ് നഗരം പിടിച്ചടക്കിയതോടെ നാടുവിട്ട സിറിയൻ പ്രസിഡൻറ് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം. ദമാസ്കസിൽ നിന്ന് അസദ് രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം മുറുകിയത്.

ദമാസ്കസിൽ നിന്ന് പറന്നുയർന്ന  ഇല്ല്യുഷിൻ II 76T വിമാനം തീരദേശ മേഖലയിലേക്ക് പോയ ശേഷം ഇവിടെ നിന്ന് തിരിച്ച് എതിർദിശയിലേക്ക് പറക്കുകയും പിന്നീട് റഡാറിൽ നിന്ന് അപ്രതീക്ഷിതമായി എന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുള്ളത്. വിമാനം തകർന്നു എന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ അസദ് ഉണ്ടായിരിക്കാനുള്ള വിദൂര സാധ്യതകൾ പറയപ്പെടുന്നുമുണ്ട്.

വിമാനം അപ്രത്യക്ഷമായിരിക്കുന്നത്  വിമതർക്ക് വളരെ സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ്. അതിനാൽ വിമത ആക്രമണത്തിൽ വിമാനം തകർന്നതാണോ എന്ന് സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.

പ്രസിഡൻറ് രാജ്യം വിട്ടത്തോടെ ദമാസ്‌കസ് സ്വതന്ത്രമായെന്ന് വിമതർ പ്രഖ്യാപനം നടത്തിയിരുന്നു. സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ അസദിന്റെ 24 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനമായി എന്ന് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

ഇത് സിറിയയിലെ ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും പുതിയൊരു ആരംഭമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീർ ഷാമിന്റെ നേതാവ് ഇതോടൊപ്പം പ്രഖ്യാപനം നടത്തിയിട്ടുമുണ്ട്.

Related News

Quick Links

© Rehaab Media Online. All Rights Reserved.