ദോഹ: ഫലസ്തീൻ പ്രദേശത്തുടനീളമുള്ള ഇസ്രായേൽ ആക്രമണത്തിൽ അൽ ജസീറ ടിവി ക്യാമറാമാനും മൂന്ന് രക്ഷാപ്രവർത്തകരും ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടതായി ഗാസയുടെ സിവിൽ ഡിഫൻസ് ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ തങ്ങളുടെ ക്യാമറാമാൻ അഹമ്മദ് അൽ-ലൂഹ് കൊല്ലപ്പെട്ടതായി അൽ ജസീറ അറിയിച്ചു.
രാത്രി മുഴുവൻരക്ഷാപ്രവർത്തനം നടത്തിയാണ് 18 പേരുടെ മൃതദേഹം കണ്ടെടുത്തതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ പറഞ്ഞു. സെൻട്രൽ ഗാസ സിറ്റിയിലെ ഒരു വീട് ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ബസാൽ പറഞ്ഞു. ഇസ്രായേൽ മിസൈൽ ദെയർ എൽ-ബാലയിലെ കൂടാരത്തിൽ ഇടിച്ച് നാല് പേർ കൂടി കൊല്ലപ്പെട്ടു.
ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ പത്രപ്രവർത്തകനാണ് ലൂഹ്.