ദോഹ, ഖത്തർ: മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് ജേതാക്കളായി കെ.എം.സി.സി മലപ്പുറം. ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രിയിൽ നടന്ന മത്സരത്തിൽ തൃശൂർ ജില്ലാ സൗഹൃദവേദിയെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് കെ.എം.സി.സി മലപ്പുറം വിജയക്കൊടി പാറിച്ചത്.
കാണികളെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിലെ രണ്ടാം മിനിറ്റിൽ ഗോളടി ആരംഭിച്ച കെ.എം.സി.സി മലപ്പുറം ഇഞ്ചുറി ടൈം വരെ മുന്നിട്ട് നിന്നു. ആദ്യം സ്കോർ ചെയ്തത് ബുജൈറും, നസീഫ് (78, 80 മിനിറ്റുകളിലും), അവസാന മിനിറ്റുകളിൽ അമീൻ, ഷംനാദ് എന്നിവരും ഗോളടിച്ചു.
ഇതോടെ ഒക്ടോബർ അവസാന ആഴ്ചയിൽ ആരംഭിച്ച ഖിഫ് സൂപ്പർകപ്പിന് കൊടിയിറങ്ങി. കാണികളുടെ സാന്നിധ്യം കൊണ്ടും സംഘാടന മികവു കൊണ്ടും ടൂർണമെന്റ് ഏറെ ശ്രദ്ധേയമായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചായിരുന്നു ടൂർണമെന്റിൽ ടീമുകൾ മത്സരിച്ചത്. സെമിയിൽ കെ.എം.സി.സി കോഴിക്കോടിനെ തോൽപിച്ചായിരുന്നു കെ.എം.സി.സി മലപ്പുറം ഫൈനൽ മത്സരത്തിലേക്കെത്തിയത്. ടി.ജെ.എസ്.വി തൃശൂർ യുനൈറ്റഡ് എറണാകുളത്തെയാണ് സെമിയിൽ കീഴ്പ്പെടുത്തിയത്.
ഖിഫ് സൂപ്പർ കപ്പ് 2024 സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഗുഡ്‍വിൽ അംബാസഡർ ഗാനിം അൽ മുഫ്ത എന്നിവരായിരുന്നു മുഖ്യാതിഥികൾ. ശിഖ, ഫൈസൽ റാസിയുടെ സംഗീതവിരുന്നോടുകൂടിയാണ് ചടങ്ങ് സമാപിച്ചത്.